Monday, 15 October 2018

വഹീദ - ഒരു പകയുടെ കഥ ( എപ്പിസോഡ് 4 )

അടുത്തുള്ള റൂമില്‍ ഉള്ളവരും നാട്ടുകാരും ചേര്‍ന്ന് വാതില്‍ ചവിട്ടി പോളിച്ച് മുറിക്കകത്ത് എത്തുമ്പോഴേക്കും അയാള്‍ പൂര്‍ണ്ണമായി കത്തി തീര്‍ന്നിരുന്നു. ഫയര്‍ഫോര്‍സും പോലീസും എത്തി വിദഗ്ത പരിശോദന നടത്തിയെങ്കിലും തെളിവായി ഒന്നും കണ്ടെത്താനായില്ല.

മനുഷ്യ ശരീരം കത്തി ഉണ്ടായ ആ പുകക്കുള്ളിലൂടെ വെളുത്തു നല്ല നീളം ഉള്ള ഒരു മനുഷ്യന്‍ ആ മുറിയിലേക്ക് കടന്നു. അയാളുടെ മുഖത്തിന്‍റെ ഭൂരിഭാഗവും മീശയും, താടിയുമാല്‍ മൂടപ്പെട്ടിരുന്നു. വിറങ്ങലിച്ചു നിന്നിരുന്നു ഒരു കൂട്ടം ആളുകള്‍ക്കിടയിലൂടെ ഒരു ഭാവമാറ്റവുമില്ലാതെ ആ മനുഷ്യന്‍ നടന്ന് കത്തിയ ശരീരത്തിനടുത്തെത്തി.

കത്തിയെരിഞ്ഞ ആ ശരീരത്തിലെ ഇടതു കണ്ണിനു മാത്രം ഒന്നും സംഭവിച്ചിട്ടില്ല. അയാള്‍ ആ ഇടതു കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി. ഏതോ ഒരു അതൃശ്യ ശക്തിയുടെ ഭാവമെന്നോണം, ആരോ അയാളെ ആ കണ്ണിലെ തീഷ്ണതയുടെ ആഴങ്ങളിലേക്ക് വലിച്ചിടുന്ന പ്രതീതി.

അയാളുടെ ചുറ്റുമുള്ള ജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും മെല്ലെ മാഞ്ഞു പോവാന്‍ തുടങ്ങി. ആ മുറിയുടെ മേല്‍ക്കൂരകളും ചുമരുകളും അഗ്നിയാല്‍ മൂടപ്പെട്ടു. എങ്ങും കറുപ്പ് നിറത്തിലുള്ള പുക. പക്ഷെ ആ മുറിയിലെ ഗന്ധം അവനു സുപരിചിതം ആണ്.

"വഹീത!!!". വിറങ്ങലിച്ച നാക്കുകൊണ്ട് അയാള്‍ പറഞ്ഞു.
പറഞ്ഞു തീരുന്നതിനു മുന്നേ അയാളുടെ മുന്നില്‍ ആയി അവള്‍ പ്രത്യക്ഷ ആയി കഴിഞ്ഞിരുന്നു.

"അനന്ദേട്ടാ... എന്നെ എന്തിനാ കൊന്നു കളഞ്ഞേ...നമ്മള്‍ ഒരുമിച്ചുള്ള ആ ജീവിതത്തിനു വേണ്ടി കാത്തിരുന്ന എന്നോട് എന്തിനാ ഈ ചതി ചെയ്തത് അനന്ദേട്ടാ...പറയ്‌..." അവള്‍ അയാളുടെ ഷര്‍ട്ടിന് കുത്തിപ്പിടിച്ചു ചോദിച്ചു.

അയാൾ പേടിച്ചു പിന്നോട്ട് തെന്നിമാറി.

"നിങ്ങൾ കൊല്ലപ്പെട്ട ആളുടെ ആരെങ്കിലും ആണോ? " മുന്നിൽ നിന്ന പോലീസുകാരൻ അയാളോട് ചോദിച്ചു.

ഒരുനിമിഷം പരുങ്ങലിച്ചതു നിന്ന അയാൾ പറഞ്ഞു.

"എൻ്റെ സുഹൃത്ത് ആണ് "

"ഹും... ഇദ്ദേഹത്തിന് ശത്രുക്കൾ ആരെങ്കിലും?"

"അങ്ങനെ  ആരും ഉണ്ടായിരുന്നതായി അറിയില്ല സാർ..."

"ശെരി, നിങ്ങളെ ഇനിയും വിളിപ്പിക്കേണ്ടി വരും..."

അയാൾ ഒന്നും മിണ്ടാതെ മെല്ലെ പുറത്തേക്കു നടന്നു...

തുടരും...

Tuesday, 3 July 2018

വഹീദ - ഒരു പകയുടെ കഥ ( എപ്പിസോഡ് 2 )

പുറത്തു നിന്നുള്ള വെളിച്ചം ആ മുറിയില്‍ എത്തിച്ചിരുന്ന രണ്ടു ജനാലകളിലൂടെയും നോക്കുമ്പോള്‍ പുറത്ത് ആകാശത്ത് ഇരുട്ട് മൂടാന്‍ തുടങ്ങുന്നത് കാണാമായിരുന്നു. സൂര്യനെ മറച്ചു കൊണ്ട് കാര്‍മേഘങ്ങള്‍ ആകാശം നിറയെ പടര്‍ന്നു പിടിച്ചു. നിലത്തു വീണു കിടക്കുന്ന അയാളുടെ മുന്നിലേക്ക് ഒരു നിഴല്‍ മെല്ലെ അടുത്തു വന്നു. പേടി കൊണ്ട് വിറങ്ങലിച്ചു നിന്ന അയാള്‍ക്ക് നാവു ചലിപ്പിക്കാന്‍ പോലും സാധിക്കുന്നില്ലായിരുന്നു. എങ്കിലും, അയാള്‍ തന്‍റെ ശ്വാസകോശത്തിലെ വായു എല്ലാം ഉപയോഗിച്ച്  എന്തോ പറയാന്‍ തുടങ്ങി. "പണത്തിനു വേണ്ടി ചെയ്തു പോ..."

പറഞ്ഞു പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ അവന്‍റെ മുന്നില്‍ ആ രൂപം ദൃശ്യമായിരുന്നു. നീല നിറമുള്ള സുന്തരമായ കണ്ണുകളും, കറുപ്പും സ്വര്‍ണ്ണ നിറവും കലര്‍ന്ന മുടിയും ആയ ഒരു സുന്ദരി പെണ്‍കുട്ടി. അവളുടെ ഇടതു വശത്തിനു മാത്രം ആയിരുന്നു ഈ വര്‍ണ്ണനകള്‍ ബാധകം. അവളുടെ വലതു ഭാഗത്തേക്ക്  അവന്‍റെ കണ്ണുകള്‍ ചലിക്കും തോറും ശരീരത്തിലെ ഓരോ ഞരമ്പുകളും വലിഞ്ഞു മുറുകുന്നതായി അവനു അനുഭവപ്പെട്ടു.

തീ പൊള്ളലേറ്റ് പാതി വെന്ത മുഖം. ആ ഭാഗത്തെ ആസ്തികളും പൊട്ടിയിട്ടുണ്ട്. അവള്‍ അവനെ തന്നെ നോക്കി നിന്നു. അവളുടെ കണ്ണുകളില്‍ നിന്നും രക്തം ഒലിച്ചിറങ്ങാന്‍ തുടങ്ങി. ആ മുറി നിറയെ ഒരു പെണ്‍കുട്ടിയുടെ ഉറക്കെ ഉള്ള കരച്ചില്‍ മാത്രം നിറഞ്ഞു. സഹായത്തിനായി കേണു യാചിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ശബ്ദം. നിശ്ചലമായി നിന്നിരുന്ന അവള്‍ ഉഗ്രരൂപിണീ ഭാവം കൈക്കൊണ്ടിരിക്കുന്നു. അവളുടെ തീവ്രതയേറിയ നോട്ടത്തില്‍ അവന്‍റെ ശരീരം ചുട്ടു പൊള്ളാന്‍ തുടങ്ങി.  വേദന കൊണ്ട് കരയുന്നുണ്ടെങ്കിലും വലിഞ്ഞു മുറുകിയ ഞരമ്പുകള്‍ കാരണം ഒരു നേരിയ ശബ്ദം പുറത്തു വന്നില്ല.  തറയില്‍ കിടന്നു അയാള്‍ പിടഞ്ഞു. അയാളുടെ മുടിയും രോമങ്ങളും കത്തിയ മണം ആ മുറി മുഴുവന്‍ നിറഞ്ഞു. പോള്ളലേറ്റ അയാളുടെ ശരീരത്തില്‍ പല ഭാഗത്തു നിന്നും രക്തം വരാന്‍ തുടങ്ങി. അവള്‍ അതു കണ്ട് ആസ്വതിച്ച് ഒന്ന് പുഞ്ചിരിച്ചു. മിനുട്ടുകള്‍ക്കകം ആ മുറിയില്‍ മനുഷ്യ ശരീരം കത്തിയ ഗന്ധം പടര്‍ന്നു. അയാളുടെ തലയോട്ടിയും ചെറിയ എല്ലിന്‍ കഷണങ്ങളും മാത്രമായി ആ നിലത്ത്.

കട്ടിലിന്‍റെ കാലിനടുത്തു വീണു കിടന്നിരുന്ന അയാളുടെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. "അനന്ത തീര്‍ത്തന്‍ സാര്‍" എന്ന പേര് പാതി പൊട്ടിയ ആ  ഫോണ്‍  സ്ക്രീനില്‍ കാണാമായിരുന്നു. ഒരു തുള്ളി രക്തം ആ ഫോണ്‍ സ്ക്രീനില്‍ പതിച്ചു. അവളുടെ കണ്ണുകളിലെ പകയുടെ തീക്കനല്‍ ആളി പടര്‍ന്നു.

തുടരും ...

Friday, 9 March 2018

വഹീദ - ഒരു പകയുടെ കഥ ( എപ്പിസോഡ് 1 )

നഗര മധ്യത്തിലൂടെ കുതിച്ചുപായുന്ന ആംബുലൻസിന്റെ ശബ്ദം കേട്ടാണ്അയാൾ ഉണർന്നത്. പാതി ബോധത്തിൽ കട്ടിലിനരികിൽ ഉള്ള മേശയുടെ മുകളിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് അയാൾ സമയം നോക്കി. പുലർച്ചെ 4 മണി കഴിഞ്ഞിരുന്നു. തലേന്ന് രാത്രി സെറ്റ് ചെയ്ത അലാറം ഓൺ ആവാൻ ഇനി 30  മിനിറ്റ് കൂടിയേ ഉള്ളു. ഇനിയും കിടന്നാൽ സമയത്തു എണീക്കാൻ പറ്റില്ലെന്നതുകൊണ്ട് തന്നെ അയാൾ എണീറ്റ് കുളിമുറി ലക്ഷ്യമാക്കി നടന്നു. വെളുത്ത നിറവും, കട്ടി മീശയും ഉള്ള മുപ്പതിനോട് പ്രായം തോന്നിക്കുന്ന ഒരാൾ. നല്ല ഉയരവും അതിനൊത്ത തടിയും ഉണ്ടായിരുന്നു അയാൾക്ക്. മുറിയുടെ ജനാലകൾക്കിടയിലൂടെ താഴെയായി മെയിൻ റോഡ് കാണാമായിരുന്നു. അതൊരു ഫ്ലാറ്റ് ആണ്. സൂര്യ വെളിച്ചം എങ്ങും പരന്നു. ഷർട്ട്,പാന്റ്, ഷൂ എല്ലാം ധരിച്ചു അയാൾ എങ്ങോട്ടോ പോവാൻ ഒരുങ്ങുകയാണ്. നല്ല ശരീര പ്രകൃതി ആയതുകൊണ്ടാവാം ഇട്ടിരിക്കുന്ന വേഷം നന്നായി ചേരുന്നുണ്ട്. അവിടെ അയാൾ മാത്രമേ താമസിക്കുന്നുള്ളു എന്ന് വ്യക്തമായിരുന്നു. ഫ്രിഡ്ജ് തുറന്നു കോഴിമുട്ടയും, ബ്രെഡും എടുത്ത് അയാൾ അടുക്കളയിലേക്ക് നീങ്ങി. അപ്പോഴാണ് മേശപ്പുറത്തു നിന്നും മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്. അടുക്കളയിൽ നിന്നും എന്തോ തിന്നു കൊണ്ട് അയാൾ ധൃതിയിൽ ഓടി വന്നു. കയ്യിൽ ഒരു ബ്രെഡിന്റെ കഷണവും ഉണ്ട്. ഫോൺ  കയ്യിൽ എടുത്തു. മൊബൈൽ സ്‌ക്രീനിലെ പേര് കണ്ടു അയാൾ ഞെട്ടി. കയ്യിലെ മൊബൈലും ബ്രെഡിന്റെ കഷ്ണം നിലത്തു വീണു.  ഒരു നിമിഷം കൊണ്ട് അയാൾ വിയർത്തു നനഞ്ഞു. ശരീരം ആസകലം കുഴഞ്ഞു തളർന്നു വീണു. ഒരു ഭ്രാന്തനെ പോലെ അയാൾ നിലത്തു കിടന്നു എന്തൊക്കെയോ ആലോചിച്ചു പേടിക്കുന്നുണ്ടായിരുന്നു. നിലത്തു ഇഴഞ്ഞു അയാൾ കട്ടിലിന്റെ കാലു പിടിച്ചു എണീറ്റ് മൊബൈൽ എടുത്തു. അത് ഇപ്പഴും റിങ് ചെയ്യുന്നുണ്ട്. വിറങ്ങലിച്ച ശബ്ദത്തോടെ അയാൾ അതിൽ കണ്ട പേര് വായിക്കാൻ ശ്രമിച്ചു. "വഹീദ".

 തുടരും ...

Tuesday, 6 March 2018

ഇറച്ചിക്കോഴികൾ

പൊട്ടിച്ചിരികൾ നിറഞ്ഞു നിന്ന ആ മുറിയിൽ നിന്നും രണ്ടു ഗ്ലാസ്സുകൾ പരസ്പരം മുട്ടി. ചിയേർസ് !!! ആ ഗ്ലാസ്സുകൾ  പിടിച്ച കൈകൾ 16  വയസ്സിനോട് അടുത്തു  പ്രായം തോന്നിക്കുന്ന ഒരു പയ്യനും വെള്ള ഷർട്ട് ധരിച്ചു 50 കഴിഞ്ഞ ഒരു രാഷ്ട്രീയ നേതാവിന്റേതുമാണ്. എന്തോ ഒരു സന്തോഷ നിമിഷത്തിന്റെ ആഘോഷമാണ് അത്.

ഇതേസമയം 5  കിലോമീറ്റർ അകലെ, ചോരയിൽ കുളിച്ച ഒരു കൈ നിലത്തു നിന്നും അല്പം ഉയർത്തി ആ യുവാവ് ജീവനു വേണ്ടി യാചിക്കുകയാണ്. അവന്റെഉള്ളിൽ  ഇപ്പോൾ ദേഷ്യവും, പകയും അല്ല. അതെല്ലാം എപ്പഴോ ചുവന്ന നിറമുള്ള ദ്രാവകമായി ഒലിച്ചു പോയിരുന്നു. പാർട്ടി മുദ്രാവാക്യം അല്ല അവന്റെ നാവുകളിൽ വരുന്നത്. മറിച്ചു അവന്റെ ആത്മാവിനോട് അവനുള്ള കടപ്പാടുകൾ ആയിരുന്നു. ആ ആത്മാവിനെ അവന്റെ ശരീരത്തിൽ നിന്നും പറഞ്ഞു വിടാൻ അവനു ആവുന്നില്ല. ആ വേദന അവനെക്കൊണ്ട് സഹിക്കാൻ കഴിയുന്നില്ല.

ആദ്യമായി വാളെടുപ്പിച്ച അവന്റെ നേതാവ് പതിനാറു ഡിഗ്രി താപനിലയുള്ള  മുറിയിൽ ഭാര്യയെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നു. ആ രാത്രിയുടെ പവിത്രത നഷ്ടപ്പെടാതിരിക്കാൻ അയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്തുവെച്ചിരിക്കുകയാണ്.

ഇതേസമയം ഒരു കൊച്ചുവീട്ടിൽ ലൈറ്റ് അണഞ്ഞിട്ടില്ല. അവിടെ ഒരാൾ വീട്ടിലെ ഡൈനിങ്ങ് മുറിയിലെ മേശയിൽ തലവെച്ചു കിടക്കുന്നുണ്ട്. മുറിയിൽ നിന്നും ഇടക്ക് ഒരു ചുമയുടെ ശബ്ദം കേൾക്കുന്നു. എന്തായാലും അവർ ഉറങ്ങിയിട്ടില്ല. ഇടക്ക് മുറിയിൽ നിന്നും ചോദ്യം വരുമ്പോൾ മറുപടി കിട്ടുന്നുണ്ട്.

അന്ന് രാത്രി കൊന്നു തള്ളിയ എതിർ പാർട്ടിക്കാരന്റെ ആത്മാവിനെ യാത്രയാക്കുന്ന ചടങ്ങായിരുന്നു പൊട്ടിച്ചിരികൾ നിറഞ്ഞ ആ മുറിക്കുള്ളിൽ. കൊല്ലാൻ ഏൽപ്പിച്ചതു തന്നിലെ വിശ്വാസം കാത്തു സൂക്ഷിച്ചു  ഒരു സമൂഹത്തെ വികസനത്തിലേക്ക് നയിക്കേണ്ട രാഷ്ട്രീയ നേതാവ്.ദൗത്യം ഏറ്റെടുത്തത് തന്റെ യവ്വനം ഉപയോഗിച്ചു സമൂഹത്തെ ലോകത്തിന്റെ  ഉന്നതങ്ങളിൽ എത്തിക്കേണ്ട 16 വയസ്സുകാരൻ. ആ മുറിയിൽ ഉണ്ടായിരുന്ന മദ്യക്കുപ്പിയുടെ പകുതി തീർന്നിരിക്കുന്ന  നേരം ആ രാഷ്ട്രീയ നേതാവ് പറഞ്ഞു. ഞാൻ പോവുകയാ. പുലർച്ചെ എന്റെ മകൻ എത്തുന്നുണ്ട്. അവനെ പിക്ക് ചെയ്യണം. കോടികൾ മുടിക്കി അയാൾ തന്റെ മകനെ കൊലപാതകം പഠിപ്പിക്കാൻ അല്ല ഓസ്‌ട്രേലിയയിൽ വിട്ടതെന്ന് ആ മുറിയിലെ എല്ലാവർക്കും ഊഹിക്കാമായിരുന്നു. ആരും അത് നേതാവിനോട് ചോദിക്കാൻ ധൈര്യപ്പെട്ടില്ല. കാരണം, ആ ധൈര്യമുള്ളവൻ ഒരിക്കലും പാർട്ടിക്ക് വേണ്ടി കൊല്ലാൻ നടക്കില്ലല്ലോ.

വെള്ളയിൽ പുതച്ച മകന്റെ ശരീരവുമായി മുറ്റത്തു വന്ന ആംബുലൻസിന്റെ ശബ്ദം കേട്ടാണ് ആ അച്ഛനും അമ്മയും ഉണർന്നത്. പാതിരാത്രിയോളം ഉറങ്ങാതെ മകനെ കാത്തിരുന്ന അവരുടെ മുന്നിൽ വെള്ള പുതച്ച ഒരു രൂപം. അതിനെ മനുഷ്യ ശരീരം എന്ന് പറയാൻ പറ്റില്ല. മുഖം വികൃതമായിരുന്നു. കാലുകൾ ആ ശരീരത്തിൽ നിന്നും വേർപെടുത്തിയിരുന്നു. ജീവൻ നഷ്ട്ടപ്പെട്ട ആ ശരീരത്തെക്കാൾ ജീവൻ ഉണ്ടായിട്ടും മരിച്ചു പോയ രണ്ടു ജന്മങ്ങൾ. അതായിരുന്നു അവന്റെ അച്ഛനും അമ്മയും.

രാവിലെ മൊബൈൽ ഓൺ ചെയ്ത ഒരു വ്യക്തി വിവരമറിഞ്ഞു. കുളി കഴിഞ്ഞു കുട്ടപ്പനായി റീത്തും  വാങ്ങി വീട് ലക്ഷ്യമാക്കി തിരിച്ചു. ശീതീകരിച്ച കാറിൽ നിന്നും ഭൂമിയുടെ താപനിലയിലേക്ക് ഇറങ്ങിയപ്പോൾ അവന്റെ നേതാവിന്റെ നെറ്റിയിൽ വിയർപ്പ് തുള്ളികൾ നിറഞ്ഞു.

ഇതേ സമയം ആസ്ട്രേലിയയിൽ നിന്നും വന്ന മകന്റെ കൂടെ ശീതീകരിച്ച കാറിൽ പറക്കുകയായിരുന്നു മറ്റൊരു നേതാവ്.

അനുയായികളുടെ രക്തത്തിന്റെ ചൂട് കൊടുത്തു പകരം വാങ്ങിയ തണുപ്പ് ആണ് ഓരോ രാഷ്ത്രീയ നേതാവിന്റെയും വീടുകളിലും, ഫ്ലാറ്റുകളിലും, കാറുകളിലും ഇന്നും തണുപ്പേകുന്നത്.

പാർട്ടി അനുയായി എന്നതിലുപരി, ചങ്കുറപ്പുള്ള ഒരു മനുഷ്യൻ ആണ് നിങ്ങൾ എങ്കിൽ പറയൂ നിങ്ങളുടെ നേതാക്കന്മാരോട്.
"എന്ന് നിങ്ങളുടെ രക്തത്തിൽ പിറന്ന ജന്മങ്ങൾ ഞങ്ങളിലേക്കിറങ്ങുന്നോ, അന്ന് മാത്രമേ ഞങ്ങൾ നിങ്ങളെ അനുസരിക്കൂ"

ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ

പാടില്ലെന്നു പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിച്ച മനസ്സാക്ഷിയെ പിഴുതെറിഞ്ഞു, ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ.

എന്നെ ഉപദേശിച്ച നികൃഷ്ട ജന്മങ്ങളുടെ വാക്കുകൾ കാറ്റിൽ പറത്തി, ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ.

എന്റെ കള്ളം കണ്ടുപിടിച്ചവനെ പൊന്നു കൊണ്ട് മൂടി,  ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ.

ഒടുവിൽ എനിക്കെതിരായ് തിരിഞ്ഞവനെ തല്ലിയും, കൊന്നും, ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ.

ഒരു നേരത്തെ അന്നത്തിനായ് കരഞ്ഞവന്റെ വിശപ്പകറ്റാൻ എന്നെ ഏൽപ്പിച്ച ചാക്കുകൾ മറിച്ചു ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ.

മണ്ണെടുക്കാതെ, പുഴുവരിക്കാതെ, ശാപങ്ങളേറ്റ, ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ.

#RIP_Madhu

-ശ്യാംലാൽ